ചരിത്രം മറക്കാനുള്ളതല്ല,അതൊരു തീക്കനലായി ഉള്ളിന്റെ ഉള്ളിൽ എന്നും ഉണ്ടാകേണ്ടതാണ്

0
64

വന്‍ സൈന്യത്തിന്റെ അകമ്പടിയോടെ വഞ്ചനയിലൂടെ കീഴ്‌പ്പെടുത്തിയ ഏറനാട്ടിലെയും വള്ളുവനാട്ടിലെ കോഴിക്കോട്ടെയും 250 ൽ പരം വില്ലേജുകളിലെയും ഭരണാധികാരി, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ജീവിതം കൊണ്ട് ചിറകെട്ടി തടഞ്ഞുനിര്‍ത്തിയ നായകന്‍. പിറന്ന നാടിന്റെ മോചനത്തിനുവേണ്ടി ജീവന്‍ നല്‍കാമെന്ന് ദൈവത്താണയിട്ട വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു ബ്രിട്ടീഷ് സൈന്യത്തിന്റെ ചങ്ങലകളില്‍ ബന്ധിതനായി നടന്നുനീങ്ങിയത്. കാല്‍ നൂറ്റാണ്ടിന്റെ ചെറുത്ത് നില്‍പ്പിന് അന്ത്യം കുറിക്കാന്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ശിക്ഷിക്കാന്‍ കൊണ്ടുപോയ രംഗമായിരുന്നു അത്.

നമ്മള്‍ കഷ്ടപ്പെട്ടിരിക്കുന്നു. നമ്മള്‍ അന്യരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായിത്തീര്‍ന്നിരിക്കുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റാണതിനു കാരണം. അതിനെ നമുക്ക് ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും നീക്കണം. ആനക്കയത്തെ പോലീസ് ഇന്‍സ്‌പെക്ടറും ബ്രിട്ടന്റെ ഏറനാട്ടിലെ പ്രതിനിധിയുമായ ചേക്കുട്ടിയുടെ തലയാണിത്. ഗവണ്‍മെന്റിനോടും ജന്മികളോടും കളിക്കണ്ട എന്നും മറ്റും ഇവര്‍ നമ്മളെ ഭീഷണിപ്പെടുത്തി. നമുക്കെതിരായി പ്രവര്‍ത്തിക്കുമെന്ന് ശപഥം ചെയ്തു. അതിനാണിത് അനുഭവിച്ചത്. നിങ്ങള്‍ എന്ത് പറയുന്നു എന്ന് എനിക്കറിയണം. ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ ദൈവത്തിന്റെ  പേരില്‍ നിങ്ങള്‍ എന്നെ ഇവിടെയിട്ട് കൊല്ലണം. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ കൊല്ലരുത്. അവരെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനില്‍ ചേര്‍ക്കരുത്. അവരുടെ സ്വത്തുക്കള്‍ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറയുന്നത്രെ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര്‍ ആരായിരുന്നാലും നിര്‍ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും. ഇത് മുസല്‍മാന്മാരുടെ രാജ്യമാക്കാന്‍ ഉദ്ദേശ്യമില്ല. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തല്‍ക്കാലം കൈയിലില്ലാത്തവര്‍ ചോദിച്ചാല്‍, ഉള്ളവര്‍ കൊടുക്കണം. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവര്‍ക്ക് ആഹാരം നല്‍കണം. വേണ്ടിവന്നാല്‍ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാന്‍ നാം തയാറാണ്’

ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിലെ ഇതിഹാസമായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏറനാടിന്റെ ആസ്ഥാനമായ മഞ്ചേരിയില്‍ നടത്തിയ പ്രഖ്യാപനമാണിത്

LEAVE A REPLY

Please enter your comment!
Please enter your name here