അന്ന് മഅദനി ഉസ്താദ് പറഞ്ഞത് ഇന്ന് ജനങ്ങൾ തിരിച്ചറിയുന്നു

0
181

വരും തലമുറയെ ചേർത്തിരുത്തി നമുക്ക് പറഞ്ഞ് കൊടുക്കണം.കനൽപഥങ്ങളിൽ കാലിടറാത്തൊരു പോരാളിയുടെ കഥ. പെരുമഴയത്ത് കെട്ടുപോകാത്തൊരു പോരാട്ട വീര്യത്തിൻ്റെ ഗാഥ.കനൽ കൊണ്ട് ചരിത്രമെഴുതിയൊരു മനുഷ്യൻ്റെ ജീവിതം.

ഫാസിസം ചോരവീഴ്ത്തിയ കാലത്ത്,
കബന്ധങ്ങൾ കുമിഞ്ഞ് കൂടിയ നേരത്ത്,
സമുദായം ഭയത്തിൻ്റെ വജ്രമൂർച്ചയിൽ ഒളിച്ചൊരു കാലത്ത്,തൊണ്ണൂറിൻ്റെ തുടക്കത്തിൽ,തെക്കൻ കേരളത്തിൽ നിന്ന്
കനലായി ജ്വലിച്ചൊരു കർമ്മയോഗിയുടെ കഥ.
സംഘി ഭീകരതയ്ക്ക് പേ പിടിച്ച കാലത്ത് പ്രതിരോധത്തിൻ്റെ തീ നാളമായ കഥ. അയോദ്ധ്യയും, അഹമ്മദാബാദും, അലീഗഢുമൊക്കെ കത്തിയ കാലത്ത് പ്രതിഷേധത്തിൻ്റെ കടലിരമ്പം തീർത്ത കഥ.

ഒളിച്ചിരിക്കാൻ കച്ചിതുരുമ്പ് തേടിയ കാലത്ത് നിവർന്ന് നിൽക്കാൻ പ്രചോദനമായ കാരിരുമ്പിൻ്റെ കരുത്തുെള്ളൊരു ശബ്ദം നൽകിയ തിരിച്ചറിവിൻ്റെ കഥ. അടിച്ചമർത്തപ്പെട്ടവൻ്റെയും അരിക് വൽക്കരിക്കപ്പെട്ടവരുടേയും നാവായ കഥ.

നെറികേടുകൾക്കെതിരെ നിവർന്ന് നിന്ന ,അരുതായ്മകൾക്കെതിരെ കൊടുംകാറ്റായ പോരാട്ടത്തിൻ്റെ കഥ.ബാബരിക്ക് വേണ്ടി പ്രതിഷേധത്തിൻ്റെ തീക്കനൽ തീർത്ത, സിറാജുന്നിസക്ക് വേണ്ടി പോരാട്ടത്തിൻ്റെ പോർക്കളം തീർത്ത, CT സുകുമാരന് വേണ്ടി
പ്രതിരോധമായി പെയ്തിറങ്ങിയ കഥ.

നിറയവ്വനത്തിൻ്റെ പകുതിയിൽ സംഘി ഭീകരത വലത് കാല് കവർന്നെടുത്തിട്ടും നിശബ്ദമാകാത്ത പോരാട്ട വീര്യത്തിൻ്റെ കഥ.പിന്നെയും അനാഥകൾക്ക് തണലൊരുക്കിയ കാരുണ്യത്തിൻ്റെ കഥ.അശരണർക്ക് ആലംബമായ ആർദ്രതയുടെ കഥ.

തൊണ്ണൂറുകളിൽ ആ ശബ്ദം ഭയത്തിൻ്റെ ഗർത്തത്തിൽ വീണ് പോകാതെ ചേർത്ത് പിടിച്ചൊരു സമുദായമുണ്ട്. തേവലക്കര അലിയാര് കുഞ്ഞ് മൗലവിയും ,കാട്ടൂർ അലി മുസ്ലിയാരും പള്ളിക്കുള്ളിൽ കൊല്ലപ്പെട്ടപ്പോൾ ആ ശബ്ദം നിവർന്ന് നിൽക്കാനുള്ള പ്രതീക്ഷയായിരുന്നു. തിരിച്ചറിവായിരുന്നു.

ഒറ്റപ്പെടുത്തിയപ്പോഴും ,ഒറ്റിക്കൊടുത്തപ്പോഴും ആ സിംഹഗർജ്ജനത്തിനൊരു ചാഞ്ചല്യവുമുണ്ടായില്ല.അധിക്ഷേപിച്ചപ്പോഴും, ആർത്തട്ടഹസിച്ചപ്പോഴും നിവർന്ന് തന്നാണ് നിന്നത്.കോയമ്പത്തൂരിലെ ഒമ്പര വർഷത്തിനടയിൽ ഒരിക്കലും ആ മുഖത്തൊരു നൊമ്പരം കണ്ടിട്ടില്ല.ഇപ്പോൾ ബാംഗ്ലൂരിലെ പത്ത് വർഷത്തിനടയിൽ ആ മുഖത്തൊരു നിരാശയും കണ്ടിട്ടില്ല.വിധി പറയേണ്ട ജഡ്ജിയുടെ മുഖത്ത് നോക്കി എൻ്റെ ഭാഗം കേൾക്കാൻ കഴിയില്ലങ്കിൽ എന്നെ തൂക്കിലേറ്റിക്കോ എന്ന് പറഞ്ഞിട്ടുണ്ട്.

ഇരുപതാണ്ടിൻ്റെ ഇരുളിലും നിന്നത് നിവർന്ന് തന്നാണ്.ഇന്നും പറഞ്ഞത് ദയക്ക് വേണ്ടി കേഴില്ലന്നാണ്. ഔദാര്യത്തിനായി യാചിക്കില്ലന്നാണ് .നീതിക്ക് വേണ്ടി പൊരുതുമെന്നാണ്.ഇന്നലകളിൽ നാമിതൊക്കെ കേട്ടിട്ടുണ്ട് .ഉമർ മുഖ്ത്താറും, സലാഹുദ്ദീൻ അയ്യൂബിയും, വാരിയൻ കുന്നത്തും ,അലി മുസ്ലിയാരുമൊക്കെ ഇതൊക്കെ പകർന്ന് തന്നിട്ടുണ്ട്.പക്ഷെ ഇതിന്നത്തെ കഥയാണ്,
കനൽ കൊണ്ടെഴുതിയ കഥ. കാലം
അടയാളപ്പെടുത്തുന്ന കഥ.വരും തലമുറയെ ചേർത്തിരുത്തി ഇക്കഥ പറയുമ്പോൾ അവർ ചോദിക്കും അതാരായിരുന്നുവെന്ന്.

വേവുന്ന നോവ് മറന്ന് നമുക്കന്ന് പറയണം ഇത് അബ്ദുന്നാസർ മഅദനി എന്ന മനുഷ്യൻ്റെ ജീവിതമാണന്ന്.

.✍🏽✍🏽അഷറഫ് താമരക്കുളം

LEAVE A REPLY

Please enter your comment!
Please enter your name here