ചരിത്ര വിധിയുമായി സുപ്രീംകോടതി.
ബ്രിട്ടീഷ്കാർ കൊണ്ട് വന്ന ഒരു നിയമം ഏറ്റവും കൂടതൽ ദുരുപയോഗം ചെയ്തത് ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് ശേഷമായിരുന്നു,പൗരത്വ നിയമത്തിൽ പ്രതിഷേധിച്ചവരെ പോലും രാജ്യദ്രോഹ കുറ്റം ചുമതിയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്
രാജ്യദ്രോഹനിയമം കോടതി താത്കാലികമായി മരവിപ്പിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. പുനഃപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുത് എന്നാണ് നിർദേശം.
കേന്ദ്രവും സംസ്ഥാനങ്ങളും രാജ്യദ്രോഹനിയമ പ്രകാരം പുതിയ എഫ്ഐആറുകള്‍ രജിസ്റ്റർ ചെയ്യരുതെന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
രാജ്യദ്രോഹ നിയമം മരവിപ്പിച്ചുകൂടേ എന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യദ്രോഹ നിയമത്തിനെതിരായ ഹരജികൾ പരിഗണിക്കുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ രാജ്യദ്രോഹ നിയമം തുടരണം എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
തുടർന്ന് ഇന്ന് ഹരജികൾ വീണ്ടും പരിഗണിച്ചപ്പോഴായിരുന്ന കോടതി വിവാദ നിയമം മരവിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പ് പ്രകാരമാണ് രാജ്യദ്രോഹം കുറ്റകരമാവുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1870ൽ ശിക്ഷാനിയമത്തിൽ ഉൾപ്പെടുത്തിയതാണ് 124എ.
പൊതുസമാധാനത്തെ ബാധിക്കുന്നതോ അക്രമത്തിലൂടെ ക്രമസമാധാനം തകർക്കുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ ആയ പരാമർശങ്ങൾ, എഴുത്തുകൾ, മറ്റ് ആവിഷ്‌കാരങ്ങൾ എന്നിവയാണ് രാജ്യദ്രോഹമാവുന്നത്. ജീവപര്യന്തം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.
ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം വിവിധ സംസ്ഥാനങ്ങളിൽ രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നതായി വിമർശനം ശക്തമായിരുന്നു. സർക്കാരിന്റെ വിവിധ നയങ്ങൾക്കും ജനവിരുദ്ധ തീരുമാനങ്ങൾക്കും പൗരത്വനിയമം പോലുള്ളവയ്ക്കുമെതിരെ സമരം ചെയ്യുന്നവരെ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുന്ന സാഹചര്യങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്.