ഞെട്ടിക്കുന്ന ക്രൂരത, അൽ ജസീറ വനിത റിപ്പോർട്ടറെ ക്രൂരമായി വധിച്ചു ഇസ്രായേൽ

0

പലസ്തീന്റെ വിമോചന പോരാട്ടത്തിന്റെ വാക്കും ജീവനുമായിരുന്ന ധീരയായ മാധ്യമ പ്രവർത്തകയാണ് ഇസ്രായേലിന്റെ നിഷ്ഠുരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്‌ലഹ്. വലിയ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്നവരെപ്പോലും കൃത്യമായി ഉന്നം പിടിച്ച് ആക്രമിച്ചു കൊല്ലുന്നതിൽ കുപ്രസിദ്ധി നേടിയ ഇസ്രായേൽ സൈന്യം പലസ്തീനിൽ തങ്ങളുടെ വലിയൊരു തലവേദനയാണ് ഒറ്റ ബുള്ളറ്റിൽ ഇല്ലാതാക്കിയത്. പ്രസ് എന്നെഴുതിയ ജാക്കറ്റ് ധരിച്ചിട്ടും ഷിറീനെ അവർ തെരഞ്ഞ് വെടിവെച്ചുകൊന്നു.

1996 ൽ അൽ ജസീറ ആരംഭിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴാണ് ഷിറീൻ ആ മാധ്യമസ്ഥാപനത്തിൽ ചേർന്നത്. അതിനുമുമ്പ് വോയ്‌സ് ഓഫ് പലസ്തീൻ റേഡിയോ, അമ്മാൻ സാറ്റലൈറ്റ് ചാനൽ എന്നീ മാധ്യമ സ്ഥാപനങ്ങളിൽ അവർ പ്രവർത്തിച്ചു. അൽ ജസീറയിൽ ചേർന്ന ശേഷം പലസ്തീൻ ജനതയുടെ അതിജീവന പോരാട്ടങ്ങൾ ലോകത്തെ അറിയിക്കാൻ നിതാന്ത ജാഗ്രതയോടെ ഷിറീൻ ഉണ്ടായിരുന്നു. ധീരയും സ്നേഹസമ്പന്നയുമായ മാധ്യമ പ്രവർത്തകയെന്നാണ് സഹപ്രവർത്തകർ അവരെ അനുസ്മരിച്ചത്.

രണ്ടായിരാമാണ്ടിലെ രണ്ടാം പലസ്തീൻ ഇന്റിഫാദ റിപ്പോർട്ട് ചെയ്തതിലൂടെയാണ് അവർ പ്രശസ്തയായത്. 2008, 2009, 2012, 2014, 2021 വർഷങ്ങളിൽ നടന്ന അധിനിവേശങ്ങളെയും ചെറുത്തുനിൽപുകളെയും പോരാട്ടഭൂമിയിൽ നിന്ന് തന്നെ അവർ റിപ്പോർട്ടു ചെയ്തു. ഇന്ന് അറബ് ലോകത്ത് ഓരോ വീട്ടിലും പരിചിതയായ മാധ്യമ പ്രവർത്തകയാണ് ഷിറീൻ. ജറുസലേമിൽ ജനിച്ച അവർ ഇസ്രയേലിന്റെ യുദ്ധക്കൊതിക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരെ, പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കു വേണ്ടി അചഞ്ചലമായി നിലയുറപ്പിച്ചു. ഇസ്രായേലിന്റെ അജണ്ടകൾ മനസ്സിലാക്കുന്നതിനായി അവർ ഹീബ്രൂ ഭാഷ പഠിക്കാൻ തുടങ്ങിയത് അടുത്തിടെയാണ്.

ലോകത്താകെ സ്വതന്ത്രവും നിർഭയവുമായ മാധ്യമ പ്രവർത്തനത്തിനെതിരെ ഉയർന്നുവരുന്ന കൊടിയ ഭരണകൂട ആക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ഷിറീൻ. ലോകത്താകെ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നടക്കുന്ന പോരാട്ടങ്ങൾക്ക് ഷിറീന്റെ ധീരസ്മരണ പ്രചോദനമാകട്ടെ. ഷിറീന് ഒരു പിടി രക്തപുഷ്പങ്ങൾ.
എംബി രാജേഷ്

LEAVE A REPLY

Please enter your comment!
Please enter your name here